മേയര്‍ രാജിവയ്ക്കണം, അല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കണം: വി.ഡി.സതീശന്‍

04:00 PM Nov 05, 2022 | Deepika.com
തിരുവനന്തപുരം; കത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിരുവനന്തപുരം നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്ത് തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നു സതീശന്‍ പറഞ്ഞു.

സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയര്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ മേയറെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. പിഎസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. താത്കാലിക ജീവനക്കാരായി പാര്‍ട്ടിക്കാരെ നിയമിക്കുകയാണ്. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇവരെ സ്ഥിരപ്പെടുത്തും. തൊഴിലില്ലാതെ കേരളത്തിലെ ചെറുപ്പക്കാര്‍ തെക്കുവടക്ക് നടക്കുമ്പോഴാണ് ഈ വൃത്തികേടുകള്‍ നടക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് വേണ്ടി നീക്കി വച്ചിരിക്കുകയാണ്. ഇതിനു വേണ്ടിയാണ് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടിയുടെ പാവകളായ വിസിമാരെ നിയമിച്ചു വച്ചിരിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി സെക്രട്ടറിമാര്‍ നല്‍കുന്ന പട്ടിക അനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നത്. എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്നും സതീശന്‍ ആരോപിച്ചു.

തലശേരിയില്‍ ആറു വയസുകാരനെ ആക്രമിച്ചയാളെ ആദ്യം പറഞ്ഞയച്ചത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്നും ഏത് നേതാവാണ് ഇത് ആവശ്യപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു.