തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക നിയമനത്തിൽ സർക്കാരിനെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വിസിയുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നൽകി.
സർക്കാർ ശിപാർശ തള്ളിയാണ് ഗവർണറുടെ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിടെക്, എംടെക് എന്നിവ പൂർത്തിയാക്കിയ സിസ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകാനായിരുന്നു സർക്കാർ ശിപാർശ. സാങ്കേതിക സർവകലാശാലയുടെ പുതിയ വിസിയെ തെരഞ്ഞെടുക്കാന്‍ ഗവർണർ സേർച് കമ്മിറ്റി രൂപീകരിക്കണം. അതുവരെയാണ് താൽക്കാലിക നിയമനം.
മറ്റു വിസിമാർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് സർക്കാരിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർ താൽക്കാലിക നിയമനം നൽകേണ്ടത്. എന്നാൽ ഈ കീഴ്വഴക്കം തെറ്റിച്ചാണ് രാജ്ഭവന്റെ ഉത്തരവ്. വൈസ് ചാൻസലർ ആയിരുന്ന ഡോ. രാജശ്രീയെ യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പുറത്താക്കിയിരുന്നു.
സർക്കാരിനെ തള്ളി ഗവർണർ; കെടിയു വിസിയായി സിസ തോമസ്
08:22 PM Nov 03, 2022 | Deepika.com