ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്പ്പടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.
നോട്ടിൽ മഹാത്മാ ഗാന്ധിക്കൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാള്‍ പറഞ്ഞു.
രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്നും അതിനു ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ് കെജരിവാളിന്റെ നിലപാട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ഇന്ത്യ വികസ്വര രാജ്യമായി അറിയപ്പെടുന്നു. പൗരന്മാർക്ക് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, പക്ഷേ ഞങ്ങളുടെ ശ്രമങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണ്.-പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ കേജരിവാൾ എഴുതി.
ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാള്‍ ചോദിച്ചു.
കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം വേണം; പ്രധാനമന്ത്രിക്ക് കേജരിവാളിന്റെ കത്ത്
11:42 AM Oct 28, 2022 | Deepika.com