കാസര്‍ഗോഡ്: കാസർഗോഡ് ചെറുവത്തൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. അരുണാചല്‍പ്രദേശിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന് കെ.വി. അശ്വിനോടുളള ആദരസൂചകമായാണ് ഹര്‍ത്താല്‍. പകല്‍ പതിനൊന്നു വരെയാണ് ഹര്‍ത്താല്‍.
കെ.വി. അശ്വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്നു നടക്കും. സംസ്കാരചടങ്ങുകള്‍ ഇന്നലെ നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മൃതദേഹം എത്താന്‍ വൈകിയതുകൊണ്ട് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ആസാമില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഭൗതികദേഹം സൈനിക നടപടികള്‍ക്കുശേഷം ബംഗളൂരു വഴി ഇന്നലെ വൈകുന്നേരത്തോടെയാണു കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. രാത്രി ഒമ്പതോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചു.
ഇന്നു രാവിലെ 8.30ഓടെ കിഴക്കേമുറി പൊതുജന വായനശാലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കും. കേന്ദ്രസഹമന്ത്രി ശ്രീപദ് നായിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്നലെ അശ്വിന്റെ വീട്ടിലെത്തിയിരുന്നു.
സൈനികൻ കെ.വി. അശ്വിന്റെ സംസ്കാരം ഇന്ന്; ചെറുവത്തൂരിൽ ഹർത്താൽ
06:21 AM Oct 24, 2022 | Deepika.com