വനിതാ കണ്ടക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം; പോലീസിനെ ഭയന്നോടിയ യുവാക്കള്‍ ചതുപ്പില്‍പെട്ടു

12:57 PM Oct 17, 2022 | Deepika.com
തൃശൂര്‍: കെഎസ്ആര്‍ടിസി വനിതാകണ്ടക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ പോലീസിനെ ഭയന്നോടി ചതുപ്പില്‍ താഴ്ന്നു. ഒന്നരമണിക്കോറോളം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തീവ്രശ്രമത്തിനൊടുവില്‍ ഇവരില്‍ ഒരാളെ രക്ഷപെടുത്തി. മറ്റേയാള്‍ തനിയെ രക്ഷപെട്ടു.

കറുകച്ചാല്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷപെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. തിരുവല്ലയില്‍ നിന്നു കയറിയ രണ്ട് യുവാക്കള്‍ ബസില്‍ തുപ്പിയത് വനിതാ കണ്ടക്ടര്‍ ചോദ്യം ചെയ്തു.

ഇതോടെ ഇവര്‍ കണ്ടക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ ഡിപ്പോയിലെത്തിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് ഇവരെ ബസില്‍നിന്ന് പിടിച്ചിറക്കി.

ഡിപ്പോ ജീവനക്കാരുടെ നേരെയും അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ അവര്‍ക്കു നേരെ കുപ്പിയെറിഞ്ഞു. ഇതിനിടെ പോലീസ് വരുന്നെന്ന് ആരോ പറയുന്നത് കേട്ട് ഓടിയ ഇവര്‍ ചതുപ്പില്‍പെടുകയായിരുന്നു. സെന്‍റ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലാണ് ഇവര്‍ അകപ്പെട്ടത്.

ഒന്നരമണിക്കൂറോളം ഇവര്‍ ചതുപ്പില്‍ കിടന്നു. പോലീസെത്തി ജെസിബി ഉപയോഗിച്ച് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അതിസാഹസികമായാണ് ഒരാളെ രക്ഷപെടുത്തിയത്. ഇതിനിടെ ഫയര്‍മാന്‍ പി.കെ. പ്രദീപ്കുമാറിന്‍റെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരിക്കേറ്റു.

തകഴി അഗ്‌നിരക്ഷാസേനയും എടത്വാ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സി. ഐ. കെ. ബി. ആനന്ദബാബു, എസ്. ഐ. സെബാസ്റ്റ്യന്‍ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, വിജയന്‍, സനീഷ്, അഗ്‌നിരക്ഷാസേനാംഗങ്ങളായ സുമേഷ്, മനുക്കുട്ടന്‍, അഭിലാഷ്, രാജേഷ്, അരുണ്‍, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.