ന്യൂഡൽഹി: രണ്ടു ദശാബ്ദത്തിലേറെ കാലത്തിനുശേഷം ആദ്യമായി കോണ്ഗ്രസ് അധ്യക്ഷപദത്തിലേക്ക് ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നു. മുതിർന്ന പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭാംഗമായ ഡോ.ശശി തരൂരും തമ്മിലാണു മത്സരം. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടിംഗ്. 19നാണ് വോട്ടെണ്ണൽ.
കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിൽ വോട്ട് ചെയ്യും. ബെല്ലാരിയിലെ സംഗനക്കല്ലിയിലായിരിക്കും രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന 40 പിസിസി പ്രതിനിധികളും വോട്ട് ചെയ്യുകയെന്ന് കോണ്ഗ്രസ് വക്താവ് ജയ്റാം രമേശ് അറിയിച്ചു.
കേരളത്തിലെ വോട്ടെടുപ്പ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ നടക്കും. പാർട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ 9000ൽ അധികം പിസിസി പ്രതിനിധികളാണ് വോട്ട് ചെയ്യുന്നത്.
രാജ്യത്താകമാനം 65 പോളിംഗ് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. സംസ്ഥാന പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുമാണ് പോളിംഗ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്യും.
പ്രചാരണത്തിന്റെ അവസാനദിനത്തിൽ കർണാടകയിലാണ് മല്ലികാർജുൻ ഖാർഗെയുള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണം പൂർത്തിയാക്കിയ ശശി തരൂർ അവസാനദിനം സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുള്ള യുപിയിലായിരുന്നു. ശശി തരൂരിന്റെ പരാതിയെത്തുടർന്നു കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വോട്ട് ചെയ്യാൻ സ്ഥാനാർഥിയുടെ പേരിനടുത്ത് ടിക് മാർക്ക് രേഖപ്പെടുത്തിയാൽ മതി. സ്ഥാനാർഥിയുടെ പേരിന് നേരെ അക്കത്തിൽ ഒന്ന് എന്നെഴുതിയാൽ മതിയെന്നായിരുന്നു ആദ്യ നിർദേശം. ഒന്ന് എന്നെഴുതുന്നത് ബാലറ്റ് പേപ്പറിൽ ആദ്യ പേരുള്ള മല്ലികാർജുൻ ഖാർഗെയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള ആഹ്വാനമായി വ്യാഖ്യാനിക്കും എന്നു തരൂർ പരാതി ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി തരൂർ ഈ വിഷയം ചർച്ച ചെയ്തു. ഇതിനു പിന്നാലെയാണ് വോട്ടിംഗ് രീതി മാറ്റിയത്. അതേസമയം, എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയെക്കുറിച്ചു തരൂർ ഉന്നയിച്ച പരാതിയിൽ നടപടിയുണ്ടായില്ല. 9,376 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 3267 പേരുടെ മേൽവിലാസമില്ലെന്നായിരുന്നു പരാതി.
കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പോരാട്ടം ഇന്ന്
06:03 AM Oct 17, 2022 | Deepika.com