തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന് വിധി. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിക്കാരിയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. കോവളം പോലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.
എംഎൽഎക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരാതിക്കാരിയുടെ മൊഴിയും ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അവർ. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എൽദോസിന്റെ അഭിഭാഷകൻ ആരോപിച്ചു.
എൽദോസിന്റെ മുൻകൂർ ജാമ്യം: 20 ന് വിധി
05:02 PM Oct 15, 2022 | Deepika.com