കേരളാ പോലീസിന്‍റെ അഭിമാനമായ മായയും മർഫിയും ഇലന്തൂരിൽ, മണത്ത് കണ്ടുപിടിക്കും

04:00 PM Oct 15, 2022 | Deepika.com
പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന ഭഗവൽ സിംഗിന്‍റെ വീട്ടിൽ വിശദ പരിശോധനയ്ക്കായി കേരളാ പോലീസിന്‍റെ അഭിമാനമായ വൈദഗ്ധ്യമേറിയ കടാവർ ഇനത്തിലുള്ള രണ്ടു നായകളെയും എത്തിച്ചു. മായ, മർഫി എന്നീ നായകളെയാണ് തെരച്ചിലിനായി എത്തിച്ചത്.

വീട്ടുവളപ്പിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് മായയെയും മർഫിയെയും എത്തിച്ചത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും.

തൃശൂരിലെ കേരള പോലീസ് അക്കാഡമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്.

കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.