പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു; രോഷത്തോടെ ജനങ്ങൾ, പ്രദേശത്ത് വന്‍ പോലീസ് സന്നാഹം

03:31 PM Oct 15, 2022 | Deepika.com
പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന വീട്ടുവളപ്പിൽ പ്രതികളായ ഭഗവല്‍ സിംഗിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി എത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലുമാണ് പരിശോധനകള്‍ നടക്കുന്നത്.

ഇതിനിടെ, പ്രതികളെ വീട്ടിലേക്ക് എത്തിച്ചപ്പോൾ കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

മൃതദേഹം മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ച മായ, മർഫി എന്നീ രണ്ടു പോലീസ് നായകളേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ആദ്യം ഓടിപ്പോയത്.

പറമ്പിലെ കാടുപിടിച്ച ഭാഗത്ത് എവിടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുന്നത്. നായ്ക്കൾ സൂചന കാണിച്ച സ്ഥലത്ത് പോലീസ് മാർക്ക് ചെയ്യുക‍യും ചെയ്തു.

ആഭിചാരക്രിയയ്ക്കുവേണ്ടി കൊച്ചിയില്‍നിന്ന് ഇലന്തൂരിലെത്തിച്ച ലോട്ടറി വില്പനക്കാരായ രണ്ടുസ്ത്രീകളെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. കാലടി മറ്റൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശിനി റോസിലി (50), കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ തമിഴ്നാട് സ്വദേശിനി പദ്മം(52) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.