"സത്യം പറയെടീ', വയറ്റിൽ ചവിട്ടിനിന്ന് അലറൽ: മന്ത്രവാദിനിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

03:33 PM Oct 15, 2022 | Deepika.com
പത്തനംതിട്ട: മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തിപ്പുകാരി വാസന്തി (ശോഭന) നടത്തിയതെന്നു സംശയിക്കുന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന-52)യെയും സഹായി ഉണ്ണിക്കൃഷ്ണനെയും (31) വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മഠത്തില്‍ ചികിത്സ തേടിയെത്തിയ യുവതിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

യുവതിയുടെ മുടിക്കുത്തിനു പിടിച്ചു തള്ളിത്താഴെയിടുന്നതും വയറ്റിൽ ചവിട്ടിനിന്ന് വാസന്തി അലറുന്നതും കാണാം. വടിയെടുത്ത് യുവതിയെ തല്ലുന്നുമുണ്ട്. തറയില്‍ വീണു കിടക്കുന്ന യുവതി വേദനകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചശേഷം തുടര്‍നടപടിയെന്നു പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.

വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന്‍ പൂജകള്‍ക്കിടെ താഴെവീണ് അലറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഒപ്പം അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ നാലുവര്‍ഷമായി ഇവര്‍ക്കൊപ്പമുണ്ട്. വാസന്തിയെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. അറസ്റ്റിനു പിന്നാലെ വാസന്തിമഠം പൂട്ടിയിരിക്കുകയാണ്. സ്ഥാപനത്തിനെതിരേ മുമ്പും നിരവധി പരാതികളുയര്‍ന്നിരുന്നെങ്കിലും നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പരാതി അന്വേഷിക്കാനെത്തുന്ന പോലീസുകാരെ അസഭ്യം പറഞ്ഞും മറ്റും മടക്കിവിടുകയായിരുന്നു പതിവ്.

മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന നിലയില്‍ വാസന്തി പോലീസുകാര്‍ക്കു മുമ്പില്‍ പെരുമാറുകയും ചെയ്തിരുന്നു. വിശ്വാസവഞ്ചന, ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തി പണം സമ്പാദിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വാസന്തിയെയും ഉണ്ണിക്കൃഷ്ണനെയും കോടതിയില്‍ ഹാജരാക്കിയത്.