സ്വര്‍ണക്കടത്തുകേസിലെ വിചാരണമാറ്റണമെന്ന ഹര്‍ജി; എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍

11:54 AM Oct 15, 2022 | Deepika.com
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസിന്‍റെ വിചാരണമാറ്റം ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. ഇഡിയുടേത് രാഷ്ട്രീയ താത്പര്യമാണെന്ന് സത്യവാംഗ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തുകേസിലെ പ്രതി ശിവശങ്കറും ഇഡി ആവശ്യത്തിനെതിരെ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. കേരളത്തില്‍ നീതിപൂര്‍വമായ വിചാരണയ്ക്കുള്ള സാധ്യത കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു കോടതിയിലേയ്ക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.

കേസിന്‍റെ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇഡി ആവശ്യമുന്നയിച്ചിരിക്കുന്നതെന്ന് സർക്കാർ സത്യവാംഗ്മൂലത്തില്‍ പറയുന്നു. അസാധാരണ സംഭവങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വിചാരണ നടപടികള്‍ മാറ്റുന്നത്. ഈ കേസില്‍ അസാധരണമായി യാതൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ വാദം.

പോലീസിനെതിരെയുള്ള ഇഡിയുടെ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറയുന്നു. കേസില്‍ ഒക്ടോബര്‍ 20ന് സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും.