തിരുവനന്തപരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.
മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയെ പ്രേരിപ്പിച്ചുവെന്നാണ് കുറ്റം. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായാ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഒന്നാം പ്രതി.
എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല.
രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിച്ചത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
09:47 AM Oct 14, 2022 | Deepika.com