കോക്പിറ്റിൽ പുക; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

12:58 PM Oct 13, 2022 | Deepika.com
ഹൈദരാബാദ്: വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലത്തിറക്കി. ഗോവയിൽനിന്ന് ഹൈദരാബാദിലേക്ക് പറക്കുന്നതിനിടെയാണ് എസ്ജി 3735 വിമാനത്തിനുള്ളിൽ പുക ഉയർന്നത്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പാണ് കോക്പിറ്റിലും ക്യാബിനിലും പുക കണ്ടത്. ഇതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. ഉടൻതന്നെ അടിയന്തര ലാൻഡിംഗിന് അവസരവും ഒരുക്കി.

വിമാനത്തിലുണ്ടായിരുന്ന 86 യാത്രക്കാരും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും ഡിജിസിഎ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് ബുധനാഴ്ച രാത്രിയിൽ ഹൈദരാബാദിലേക്ക് എത്തിയ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.