കണ്ണൂർ സെൻട്രൽ ജയിലിൽ തെങ്ങിന്‍റെ മുകളിൽ ഫോണുകൾ; പോലീസ് കേസെടുത്തു

12:58 PM Oct 13, 2022 | Deepika.com
കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബ്ലോക്കിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിൽ നിന്ന് തെങ്ങിന്‍റെ മുകളിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഫോണുകൾ. ഇവിടെ ഹർത്താൽ ദിനത്തിലെ വിവിധ അക്രമക്കേസുകളിൽപ്പെട്ട നാൽപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണുള്ളത്.

ഇവരിൽ ആരുടേതാണ് മൊബൈൽ ഫോണുകളെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. റിമാൻഡിൽ കഴിയുന്നവർക്ക് എങ്ങനെയാണ് ജയിലിനകത്ത് ഫോൺ എത്തിക്കാനായത് എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.