മന്ത്രം ജപിക്കുന്നതിനിടയിൽ യുവതിയെ കടന്നുപിടിച്ചു, "വയനാടൻ തങ്ങൾ' പിടിയിൽ

12:58 PM Oct 13, 2022 | Deepika.com
തലശേരി: കണ്ണൂർ തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ ചികിത്സ നടത്തി വന്ന വയനാടൻ തങ്ങൾ പിടിയിൽ. ചികിത്സക്കിടയിൽ യുവതിയെ കടന്നു പിടിച്ച സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ തലശേരി പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്.

തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവ് ഇതിനിടയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേതാവിന്‍റെ ഭീഷണിക്ക് അർഹമായ മറുപടി നൽകിയ പോലീസ് "തങ്ങളെ' കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.

ലോഗൻസ് റോഡിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് വയനാട് സ്വദേശിയായ അമ്പതുകാരനെ ടൗൺ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയിൽനിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, അമ്പത് രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകൾ, അലോപ്പതി, ആയുർവേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.

രണ്ട് വർഷമായി ഇയാൾ ലോഡ്ജ് കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തി വരികയായിരുന്നു. സ്ത്രീകളായിരുന്നു കൂടുതലായും ഇവിടെ എത്തിയിരുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. മന്ത്രം ജപിക്കുന്നതിനിടയിൽ യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരേയുള്ള പരാതി. പോലീസ് എത്തുമ്പോൾ ലിനൻ ഷർട്ടും മുണ്ടും ധരിച്ച് ഇരിക്കുകയായിരുന്നു തങ്ങൾ. താൻ തങ്ങൾ കുടുംബാംഗമാണെന്നും ചികിത്സിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഇയാളുടെ നിലപാട്.

ഇതിനിടയിൽ മയ്യിൽ സ്വദേശിയായ രാഷ്ട്രീയ നേതാവിനെ ഫോണിൽ വിളിച്ച് ഫോൺ പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ, സ്റ്റേഷനിലെത്തിയതോടെ തങ്ങളുടെ ഭാവം മാറി. പൊട്ടിക്കരഞ്ഞ തങ്ങൾ താൻ കടുത്ത ഹൃദ്രോഗിയാണെന്നും ഉപദ്രവിക്കരുതന്നും പോലീസിനോട് കേണപേക്ഷിച്ചു. അതിക്രമത്തിനിരയായ യുവതി പരാതി നൽകാൻ വിസമ്മതിക്കുക കൂടി ചെയ്തതോടെ പോലീസ് തങ്ങളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചശേഷം എപ്പോൾ വിളിച്ചാലും വരണമെന്ന താക്കീതിൽ വിട്ടയയ്ക്കുകയായിരുന്നു.