യു​ക്രെ​യ്ൻ പ്ര​വി​ശ്യ​ക​ളു​ടെ അ​ന​ധി​കൃ​ത കൂ​ട്ടി​ച്ചേ​ർ​ക്ക​ലിനെ അ​പ​ല​പി​ച്ച് യു​എ​ൻ

11:13 AM Oct 13, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: നാ​ല് യു​ക്രെ​യ്ൻ പ്ര​വി​ശ്യ​ക​ൾ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തോ​ട് കൂ​ട്ടി​ച്ചേ​ർ​ത്ത റ​ഷ്യ​ൻ ന​ട​പ​ടി അ​പ​ല​പി​ക്കാ​നു​ള്ള പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​സാ​ക്കി. വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് ഇ​ന്ത്യ​യും ചൈ​ന​യു​മു​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു.

പ്ര​വി​ശ്യ​ക​ൾ പി​ടി​ച്ചെ​ടു​ത്ത ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടി ഉ​ൾ​പ്പെ​ട്ട പ്ര​മേ​യ​ത്തെ 193 അം​ഗ സ​ഭ​യി​ലെ 143 രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ച്ചു. റ​ഷ്യ​ക്കൊ​പ്പം ബെ​ലാ​റു​സ്, ഉ​ത്ത​ര കൊ​റി​യ, സി​റി​യ, നി​ക്ക​രാ​ഗ്വ ‌എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു.

യു​എ​ൻ പൊ​തു​സ​ഭ​യി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ലം റ​ഷ്യ​ൻ ന​ട​പ​ടി തി​രു​ത്തു​ക അ​സാ​ധ്യ​മാ​ണ്. പ്ര​വി​ശ്യ​ക​ൾ തി​രി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത റ​ഷ്യ​ക്ക് മേ​ൽ ചാ​ർ​ത്ത​ണ​മെ​ങ്കി​ൽ യു​എ​ൻ സു​ര​ക്ഷാ സ​മി​തി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​ണം. റ​ഷ്യ​ക്ക് വീ​റ്റോ അ‌‌‌‌​ധി​കാ​ര​മു​ള്ള സ​മി​തി​യി​ൽ ഇ​ത് അ​സാ​ധ്യ​മാ​ണ്.

ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സു​താ​ര്യ​ത​യി​ല്ലാ​തെ​യും ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ ലു​ഹാ​ൻ​സ്ക്, ഡോ​ണെ​റ്റ​സ്ക്, സാ​പോ​റീ​ഷ്യ, ഖേ​ഴ്സ​ൻ പ്ര​വി​ശ്യ​ക​ൾ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​യെ രാ​ജ്യാ​ന്ത​ര സ​മൂ​ഹം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.