903 കോടിയുടെ തട്ടിപ്പ്; ചൈനീസ് പൗരന്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍

11:59 AM Oct 13, 2022 | Deepika.com
ഹൈദരബാദ്: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ആളുകളെ കബളിപ്പിച്ച് 903 കോടി രൂപ തട്ടിയെടുത്ത കേസില്‍ തായ്‌വാന്‍ പൗരനും ചൈനക്കാരനുമടക്കം 10 പേരെ ഹൈദരബാദ് പോലീസ് അറസ്റ്റ് ചെയ്തു.

ലെക് അക്കാ ലി സോംഗ്ജുന്‍ (ചൈനീസ് പൗരന്‍), ചു ചുന്‍യു (തായ്വാന്‍ പൗരന്‍), വീരേന്ദര്‍ സിംഗ്, സഞ്ജയ് യാദവ്, സാഹില്‍ ബജാജ്, സണ്ണി എന്ന പങ്കജ്, നവനീത് കൗശിക്, ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് പര്‍വേസ്, സയ്യിദ് സുല്‍ത്താന്‍, മിര്‍സ നദീം എന്നിവരാണ് പിടിയിലായത്.

സംശയാസ്പദമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികള്‍ കോള്‍ സെന്‍ററുകളും ഇന്ത്യക്കാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചിരുന്നു.

അനധികൃതമായി ശേഖരിച്ച പണം യുഎസ് ഡോളറിലേക്ക് മാറ്റുകയും ഹവാല ഓപ്പറേറ്റര്‍മാര്‍ വഴി വിദേശത്ത് എത്തിക്കുകയുമായിരുന്നു. പണം വിദേശ കറന്‍സിയാക്കി മാറ്റാന്‍ ഹൈദരബാദിലുള്ള കമ്പനികളായ രഞ്ജന്‍ മണി കോര്‍പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും കെഡിഎസ് ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡും നിര്‍ണായക പങ്ക് വഹിച്ചതായി കണ്ടെത്തി.

ലോക്സം എന്ന ആപ്പില്‍ നിക്ഷേപിച്ച് 1.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ പരാതിയിലാണ് തട്ടിപ്പുകാര്‍ പിടിയിലായത്.