തിരുവനന്തപുരം: ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു. ഇടത് അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണിത്.
യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതോടെ വിസി മഹാദേവന് പിള്ളയും ഗവര്‍ണറുടെ പ്രതിനിധികളും ഉള്‍പ്പെടെ 13 പേര് മാത്രമാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.
സെനറ്റ് ചേരുമ്പോള്‍ കുറഞ്ഞത് 19 അംഗങ്ങള്‍ വേണമെന്നാണ് ചട്ടം. ഇതോടെ മറ്റ് നടപടികളിലേയ്ക്ക് കടക്കാതെ യോഗം പിരിയുകയായിരുന്നു.
മുന്നണിയുടെ രാഷ്ട്രീയ തീരുമാനം അനുസരിച്ചാണ് ഇടത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇതിനെതിരെ യുഡിഎഫ് അംഗങ്ങള്‍ സര്‍വകലാശാല വളപ്പില്‍ പ്രതിഷേധിച്ചു.
വിസി നിയമനത്തിനുള്ള സര്‍വകലാശാല പ്രതിനിധിയെ ഇന്നു വൈകുന്നേരത്തിനു മുമ്പ് സെനറ്റ് കൂടി നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിസി സെനറ്റ് വിളിച്ചു ചേര്‍ത്തത്.
യോഗം ക്വാറം തികയാതെ പിരിഞ്ഞെന്നും വിസി നിയമനത്തിനുള്ള പ്രതിനിധിയെ നിശ്ചയിക്കാന്‍ കഴിഞ്ഞില്ലെന്നും വിസി ഗവര്‍ണറെ അറിയിക്കും. സെനറ്റ് പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് ഗവര്‍ണര്‍ കടക്കാനാണ് സാധ്യത.
ഇടത് അംഗങ്ങള്‍ വിട്ടുനിന്നു; കേരള സര്‍വകലാശാല സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു
01:26 PM Oct 11, 2022 | Deepika.com