എന്തൊരു ഗതികേട്..! ഡോളർ വീണ്ടും കുതിച്ചു, മൂക്കുകുത്തിവീണ് ഇന്ത്യൻ രൂപ

03:58 PM Oct 10, 2022 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരേ 82.64 എന്ന നിലയിലേക്കാണ് തിങ്കളാഴ്ച രാവിലെ രൂപ വീണത്. യുഎസ് ഫെഡ് മുക്കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്.

ഡോളര്‍ നിലവിലെ കണക്കുകള്‍ പ്രകാരം യുഎസ് ഡോളര്‍ സൂചിക 20 വര്‍ഷത്തിലെ ഉയര്‍ന്ന നിരക്കിലാണ് നിലകൊള്ളുന്നത്. ഡോളറിന്‍റെ കുതിപ്പ് രൂപയ്ക്കു പുറമെ മിക്ക ഏഷ്യന്‍ കറന്‍സികളേയും പിന്നോട്ടടിച്ചിട്ടുണ്ട്.

ഡോളറിനെതിരേ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. വരുംകാലത്ത് കറന്‍സി വീണ്ടും കൂടുതല്‍ ദുര്‍ബലമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.