ടൂർ പോകാൻ ഓരോരോ കാരണങ്ങൾ: മുഖ്യമന്ത്രിയെ പരിഹസിച്ച് സുധാകരൻ

02:50 PM Oct 09, 2022 | Deepika.com
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചെലവഴിച്ച കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നും ധൂർത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.

കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കാൻ സിപിഎമ്മിന് സമയം കിട്ടിയില്ല. സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളിൽ വിദേശത്തേക്ക് പറന്നുവെന്നും സുധാകരൻ പരിഹസിച്ചു.

വിദേശത്ത് പോയി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.