തരൂർ കേരളത്തെ കുറിച്ച് പരാതി നൽകിയിട്ടില്ലെന്ന് മധുസൂദൻ മിസ്ത്രി

10:54 PM Oct 08, 2022 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ കേരളത്തെ കുറിച്ച് പരാതി നൽകിയിട്ടില്ലെന്ന് തെര. അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. എന്നാൽ മറ്റൊരു സംസ്ഥാനത്തെ കുറിച്ച് തരൂര്‍ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കുമെന്നും മിസ്ത്രി പറഞ്ഞു.

മാധ്യമങ്ങളിൽ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും മിസ്ത്രി വിശദീകരിച്ചു. രാജ്യത്താകെ 69 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ഭാരത്ജോഡോ യാത്രക്കാർക്കായി പ്രത്യേക പോളിംഗ് ബൂത്ത് ഒരുക്കുമെന്നും മിസ്ത്രി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിസിസികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് തരൂര്‍ നേരത്തേ രംഗത്തെത്തിയത്. പാര്‍ട്ടി സംവിധാനം ഖാര്‍ഗെയ്ക്കൊപ്പമാണ്, അതില്‍ തനിക്ക് വിരോധമില്ലെന്നും തരൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് തെഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും തരൂര്‍ ആരോപിച്ചു.

മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തന്നെ സ്വീകരിക്കാന്‍ നേതാക്കളാരും എത്താതിരുന്നത് കാര്യമായി എടുക്കുന്നില്ല. താന്‍ സാധാരണക്കാരുടെ പ്രതിനിധിയാണെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.