മുംബൈ: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിസിസികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശശി തരൂര്‍. പാര്‍ട്ടി സംവിധാനം ഖാര്‍ഗെയ്ക്കൊപ്പമാണ്, അതില്‍ തനിക്ക് വിരോധമില്ലെന്നും തരൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് തെഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും തരൂര്‍ ആരോപിച്ചു.
മുംബൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തന്നെ സ്വീകരിക്കാന്‍ നേതാക്കളാരും എത്താതിരുന്നത് കാര്യമായി എടുക്കുന്നില്ല. താന്‍ സാധാരണക്കാരുടെ പ്രതിനിധിയാണെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.
പിസിസികള്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പിന്നില്‍ എഐസിസി ആണെന്നു തോന്നുന്നെന്ന് തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. വോട്ടെടുപ്പിലെ രഹസ്യബാലറ്റ് തനിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു.
പാര്‍ട്ടി സംവിധാനം ഖാര്‍ഗെയ്ക്കൊപ്പം; വിരോധമില്ലെന്നു ശശി തരൂര്‍
10:16 PM Oct 08, 2022 | Deepika.com