ബി​ഹാ​റി​ലെ ആ​ളെ​ക്കൊല്ലി ക​ടു​വ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ അ​നു​മ​തി

12:00 PM Oct 08, 2022 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ലെ ധു​മ്രി​യി​ൽ പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ ഏ​ഴ് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ടു​വ​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ധു​മ്രി​യി​ലെ ഗോ​വ​ർ​ദ്ധ​ൻ വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന മൂ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള ക​ടു​വ​യ്ക്കെ​തി​രെ​യാ​ണ് "ഷൂ​ട്ട് അ​റ്റ് സൈ​റ്റ് ഓ​ർ​ഡ​ർ' പു​റ​പ്പെ​ടു​വി​ച്ച​ത്. ബി​ഹാ​ർ മു​ഖ്യ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​കെ. ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ 500 പേ​ർ അ​ട​ങ്ങു​ന്ന വ​നം​വ​കു​പ്പ് സം​ഘം പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. ഡ്രോ​ൺ കാ​മ​റ​ക​ൾ അ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​ത്രി സി​ൻ​ഹി ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​രി​യെ ക​ടു​വ കൊ​ന്ന​തി​ന് ശേ​ഷം പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​ന​ങ്ങ​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യും സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

40 ക​ടു​വ​ക​ൾ അ​ധി​വ​സി​ക്കു​ന്ന വാ​ൽ​മീ​കി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് ധു​മ്രി.