മുംബൈ: വന്ദേ ഭാരത് എക്സ്പ്രസിൽ കന്നുകാലികൾ ഇടിച്ച സംഭവത്തിൽ നടപടി. പോത്തുകളുടെ ഉടമകൾക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. ട്രെയിനിന് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആരോപണം.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് ട്രെയിൻ അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള വത്വ റെയിൽവേ സ്റ്റേഷന് സമീപമുള്ള പുന്ത്നഗർ പ്രദേശത്ത് വച്ച് പോത്തുകളെ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ നാല് പോത്തുകൾ ചത്തിരുന്നു. എന്നാൽ അപകടത്തിൽ ട്രെയിനിന്റെ ഡ്രൈവർ കോച്ചിന് മുൻഭാഗത്തുള്ള ഭാഗം പൂർണമായി തകർന്നു. ഇതിന് പിന്നാലെയാണ് 1989 ലെ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരം പോത്തുടമകൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
പോത്തുകളുടെ ഉടമകളെ കണ്ടെത്താൻ റെയിൽവേ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങൾ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസിൽ പോത്തുകൾ ഇടിച്ച സംഭവം; ഉടമകൾക്കെതിരെ കേസ്
05:07 AM Oct 08, 2022 | Deepika.com