കോഴിക്കോട്: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പ്രേരക്മാർക്കായി പ്രേരണ പാഠശാല ദ്വിദിന ക്യാന്പ് നടത്തുന്നു. 21, 22 തീയതികളിൽ വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് ക്യാന്പ്. ജില്ലയിലെ മുഴുവൻ പ്രേരക്മാരും ക്യാന്പിൽ പങ്കെടുക്കും. പ്രേരക്മാരുടെ പ്രവർത്തനം ഉൗർജ്ജിതപ്പെടുത്തുന്നതിനും പുതിയ ദിശാബോധം ഉണ്ടാക്കുന്നതിനുമാണ് ക്യാന്പ് ലക്ഷ്യമിടുന്നത്. രാവിലെ 10 ന് കെ.ദാസൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പത്താംതരം 100 ശതമാനം വിജയം നേടിയ പഠനകേന്ദ്രത്തിലെ സെന്റർ കോ-ഓർഡിനേറ്ററെ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ അനുമോദിക്കും. ബ്ലോക്ക് ,നഗരസഭ തലത്തിൽ നടത്തുന്ന ഫോട്ടോപ്രദർശന മത്സരം പയ്യോളി നഗരസഭ ചെയർപേഴ്സണ് പി.കുത്സു ഉദ്ഘാടനം ചെയ്യും.
തുടർ വിദ്യാഭ്യാസ പദ്ധതി പുതിയ സന്ദർഭം പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലയും ലിംഗസമത്വത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ ഡി.എം ആതിരയും ക്ലാസ്സെടുക്കും. ഇന്ത്യൻ ഭരണഘടനയും സാമൂഹ്യ സാക്ഷരതയും എന്ന വിഷയത്തിൽ സി.പി അബൂബക്കർ കേരള നവോത്ഥാനവും അനൗപചാരിക വിദ്യാഭ്യാസ ചരിത്രവും എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് അനൗപചാരിക വിദ്യാഭ്യാസം സാർവ്വദേശീയമാതൃകകളും കേരളത്തിന്റെ സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ. വസുമതി എന്നിവർ ക്ലാസ്സെടുക്കും. ചാർലിചാപ്ലിന്റെ, മോഡേണ് ടൈംസ് സിനിമ പ്രദർശനവും ചർച്ചയും പ്രേരക്മാർക്കായി ഒരുക്കിയിട്ടുണ്ട്. പ്രവർത്തന രൂപരേഖ തയ്യാറാക്കലും സാംസ്കാരിക പരിപാടിയും പരിപാടിയുടെ ഭാഗമായി നടക്കും. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും.
സാക്ഷരതാ പ്രവർത്തകർക്ക് പഠനക്യാന്പ് 21 മുതൽ
12:54 AM Feb 19, 2017 | Deepika.com