എടപ്പാൾ: സിപിഎം പ്രവർത്തകരെ മുളക് പൊടി എറിഞ്ഞ് ആക്രമിച്ച് പരുക്കേൽപിച്ച സംഭവത്തിൽ എട്ടു പേർക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു. എടപ്പാൾ പൊറൂക്കര സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചുങ്കത്ത് സനീഷിനും(34) ബന്ധുവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിജിലിനു(24)മാണ് ആക്രമണത്തിൽ പരുക്കേറ്റത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.45ന് എടപ്പാൾ പൊന്നാനി റോഡിൽ എംഎൽഎ പടിയിലാണ് സംഭവം നടന്നത്. പപ്പട കച്ചവടം നടത്തുന്ന സനീഷ് പപ്പടവുമായി പൊന്നാനിയിലേക്ക് പോകുന്പോഴാണ് അക്രമണം നടന്നത്. ഒരു കടയിൽ പപ്പടം നൽകി തിരിച്ച് ഓട്ടോയിൽ കയറുന്പോൾ ബൈക്കിലെത്തിയ സംഘം മുളക്പൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സനീഷ് പറഞ്ഞിരുന്നു. സനീഷിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഷിജിലിന് കഴുത്തിന് പരിക്കേറ്റിരുന്നു.
സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവം: എട്ടു പേർക്കെതിരേ കേസ്
10:06 PM Feb 12, 2017 | Deepika.com