പെരിന്തൽമണ്ണ: സാക്ഷരതാ പ്രേരക്മാരുടെ പ്രവർത്തനം ഇതരമേഖലകളിലേക്കുകൂടി വിന്യസിക്കുന്നതിനും ഡിജിറ്റൽ വിദഗ്ധരാക്കുന്നതിനും നടപടിയെടുക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ജില്ലാസാക്ഷരതാമിഷന്റെ പ്രേരക്മാരുടെ തിരിച്ചറിയൽ കാർഡ് വിതരണവും, പത്താംക്ലാസ് പത്താംബാച്ച് വിജയികൾക്കുള്ള അനുമോദനവും പട്ടിക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ചു. പത്താംതരം തുല്യത പരീക്ഷയിൽ കൂടുതൽമാർക്ക് വാങ്ങി വിജയിച്ചവരെ ജില്ലാപഞ്ചായത്ത് സ്ഥിരസമിതിയധ്യക്ഷൻ ഉമ്മർ അറക്കൽ അനുമോദിച്ചു.
95 ശതമാനത്തിലേറെ പഠിതാക്കളെ തുല്യതപരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച സെന്റർ കോ-ഓർഡിനേറ്റർമാരെ ജില്ലാപഞ്ചായത്ത് സ്ഥിരസമിതിയധ്യക്ഷ ഹാജറുമ്മ അനുമോദിച്ചു. ജില്ലാപഞ്ചായത്തിന്റെ അക്ഷരശ്രീ പദ്ധതിയിലൂടെ പത്താംതരം സെന്റർ കോർഡിനേറ്റർമാർക്കുള്ള ഓണറേറിയം വിതരണം സാക്ഷരതാമിഷൻ എക്സി.അംഗം സലീം കുരുവന്പലം നിർവഹിച്ചു. അക്ഷരകൈരളി മാസികയ്ക്ക് കൂടുതൽ വരിക്കാരെ ചേർത്തതിനുള്ള അവാർഡ് എൻ.രമാദേവിയ്ക്ക് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ വിതരണം ചെയ്തു. പത്താംതരം തുല്യത പത്താംബാച്ചിൽ ഏറ്റവും കൂടുതൽ പഠിതാക്കളെ പരീക്ഷയ്ക്കിരുത്തിയ വണ്ടൂർ ബ്ലോക്കിനുള്ള അവാർഡ് എക്സി.അംഗം കെ.എം.റഷീദ് വിതരണം ചെയ്തു.
ജില്ലാപഞ്ചായത്ത് സ്ഥിരസമിതിയധ്യക്ഷൻ വി.സുധാകരൻ, ജില്ലാ കോർഡിനേറ്റർ സജിതോമസ്, വെട്ടത്തൂർ പഞ്ചായത്തംഗം പി.ഹാരിസ്ബാബു, അസി.കോർഡിനേറ്റർമാരായ ലതാ തങ്കച്ചി, കെ.സജിത, പ്രേരക് അഷ്റഫ് മണ്ണാർമല, എം.മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു.
സാക്ഷരതാ പ്രേരക്മാരെ ഡിജിറ്റൽ വിദഗ്ധരാക്കും: സ്പീക്കർ
10:06 PM Feb 12, 2017 | Deepika.com