ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് 35 ഇടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
ഈ സംസ്ഥാനങ്ങളിലെ മദ്യ കമ്പനികള്‍, വിതരണക്കാര്‍, വിതരണ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്നു പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.
അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള മോദി സര്‍ക്കാരിന്റെ വൃത്തികെട്ട രാഷ്ട്രീയം കളിയാണിതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ അഞ്ഞൂറോളം ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡിയും, സിബിഐയും റെയ്ഡുകള്‍ നടത്തിയത്. മൂന്നൂറോളം ഉദ്യോഗസ്ഥര്‍ അഹോരാത്രം പരിശ്രമിച്ചിട്ടും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കേജരിവാള്‍ പറഞ്ഞു. കാരണം അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നുള്ളതാണെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
പണം വാങ്ങി സ്വകാര്യ മദ്യവ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം നടപ്പിലാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.
ഡല്‍ഹി മദ്യനയക്കേസില്‍ 35 ഇടത്ത് ഇഡി റെയ്ഡ്; വൃത്തികെട്ട രാഷ്ട്രീയം കളിയെന്ന് കേജരിവാള്‍
11:17 AM Oct 07, 2022 | Deepika.com