സഞ്ജുവിന്‍റെ പോരാട്ടം പാഴായി; ലക്നോവിൽ ഇന്ത്യക്ക് തോൽവി

11:27 PM Oct 06, 2022 | Deepika.com
ലക്നോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണിന്‍റെ മികച്ച പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാന ഓവറുകളിൽ വിജയത്തിന് അരികെ എത്തിയ ശേഷം ഇന്ത്യക്ക് കാലിടറുകയായിരുന്നു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ എട്ടിന് 240 റണ്‍സില്‍ അവസാനിച്ചു. 63 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ സഞ്ജു പുറത്താകാതെ നിന്നു.

കാഗിസോ റബാദ എറിഞ്ഞ 39-ാം ഓവറില്‍ ഒറ്റ പന്തുപോലും സ‍ഞ്ജുവിന് നേരിടാന്‍ കഴിയാഞ്ഞത് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി. സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരാണ് (50) മറ്റൊരു പ്രധാന സ്കോറർ. 33 റൺസെടുത്ത ശർദ്ദൂൽ ഠാക്കൂറും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി.

ഇന്ത്യയുടെ സ്കോർബോർഡ് രണ്ടക്കത്തിൽ എത്തുന്നതിനു മുന്പ് ഓപ്പണർമാരായ ശിഖർ ധവാനും (4) ശുഭ്മാൻ ഗില്ലും (3) പുറത്ത്. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20) എന്നിവർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. നേരത്തേ, ഹെൻറിച്ച് ക്ലാസനും (74 നോട്ടൗട്ട്) ഡേവിഡ് മില്ലറും (75 നോട്ടൗട്ട്) ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 40 ഓവറിൽ 249ൽ എത്തിച്ചത്.