പാലക്കാട്: വടക്കഞ്ചേരിയില്‍ അഞ്ചു വിദ്യാര്‍ഥികളടക്കം ഒന്പതുപേര് മരിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന വകുപ്പും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ ജോമോനാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നത്. ഇയാള്‍ അപകടത്തിനു പിന്നാലെ ഒളിവില്‍ പോയിരുന്നു.
അധ്യാപകനെന്ന വ്യാജേന ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഇയാള്‍ മുങ്ങിയെന്നാണ് വിവരം. ഇന്നു രാവിലെ ടൂറിസ്റ്റ് ബസിന്റെ ഉടമയടക്കമുള്ളവരെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയെന്നാണ് സൂചന. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് ബുധനാഴ്ച രാത്രി 11.30നാണ് അപകടമുണ്ടായത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് തലകീഴായി മറിഞ്ഞു. അപകടസമയത്ത് ബസ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
07:24 PM Oct 06, 2022 | Deepika.com