ജാ​പ്പ​നീ​സ് ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ന് 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് മ്യാ​ൻ​മ​ർ

11:34 AM Oct 06, 2022 | Deepika.com
ടോ​ക്യോ: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ആ​രോ​പി​ച്ച് ജാ​പ്പ​നീ​സ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന് മ്യാ​ൻ​മ​ർ സൈ​നി​ക കോ​ട​തി 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജ​പ്പാ​നി​ലെ യോ​കൊ​ഹോ​മ സ്വ​ദേ​ശി​യാ​യ ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ടോ​രു കു​ബോ​ട്ട(26) ജൂ​ലൈ​യി​ൽ യാം​ഗൂ​ണി​ലെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ബോ​ട്ട രാ​ജ്യ​ത്തെ വി​വ​ര​സാ​ങ്കേ​തി​ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നു​മാ​രോ​പി​ച്ചാ​ണ് മ്യാ​ൻ​മ​ർ കോ​ട​തി​യു​ടെ ന​ട​പ​ടി. വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വി​ദേ​ശ പൗ​ര​ൻ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ഇയാൾ അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണ് ആ​ദ്യം പ്ര​ച​രി​ച്ച വി​വ​രം. ഈ ​കേ​സി​ലെ കു​ബോ​ട്ട​യു​ടെ വാ​ദം ഒ​ക്ടോ​ബ​ർ 12-ന് ​കേ​ൾ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി കു​ബോ​ട്ടയു​ടെ സു​ഹൃ​ത്തു​ക്ക​ൾ ജ​പ്പാ​നി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ്യാ​ൻ​മ​റി​ലെ കോ​ട​തി​ക​ൾ സ്വ​ത​ന്ത്ര​മാ​ണെ​ന്നും ഇ​വ​യു​ടെ ന​ട​പ​ടി​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ണെ​ന്നും സൈ​നി​ക ഭ​ര​ണ​കൂ​ടം പ്ര​തി​ക​രി​ച്ചു.

ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ആ​ർ​ട്സി​ലെ വി​ദ്യാ​ർ​ഥി​യാ​യ കു​ബോ​ട്ട രോ​ഹി​ൻ​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി എം​പ​തി ട്രി​പ്പ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചി​ട്ടു​ണ്ട്.