12 കോടിയുടെ ബാങ്ക് കവര്‍ച്ച; പ്രധാന പ്രതി പൂനെയില്‍ പിടിയില്‍

01:17 PM Oct 06, 2022 | Deepika.com
മുംബൈ: 12 കോടിയുടെ ബാങ്ക് കവര്‍ച്ച നടത്തിയ സംഭവത്തിലെ പ്രധാന പ്രതി പൂനെയില്‍ പിടിയില്‍. മുംബ്ര സ്വദേശി അല്‍ത്താഫ് ഷെയ്ക്കാണ് അറസ്റ്റിലായത്.

ഒന്‍പതു കോടി രൂപ ഇയാളുടെ കൈയിൽനിന്ന് കണ്ടെടുത്തെന്നു പോലീസ് അറിയിച്ചു. ഐസിഐസിഐ ബാങ്കിന്‍റെ താനെയിലെ മന്‍പട പ്രദേശത്തെ ബ്രാഞ്ചില്‍നിന്നാണ് പണം കവര്‍ന്നത്.

കഴിഞ്ഞ ജൂലൈ 12-നാണ് സംഭവം. ബാങ്ക് ലോക്കറിന്‍റെ സുരക്ഷാ ചുമതലുള്ള ജീവനക്കാരനായിരുന്നു അല്‍ത്താഫ്. ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്ത് ലോക്കര്‍ സംവിധാനത്തിന്‍റെ പഴുതുകള്‍ കൃത്യമായി മനസിലാക്കിയ ശേഷമാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തത്.

ലോക്കറിന്‍റെ അലാം സംവിധാനവും സിസിടിവിയും തകരാറിലാക്കിയശേഷം എസി ഡക്റ്റിലൂടെ പണം ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ചയ്ക്കു ശേഷം ഒഴിവില്‍ പോയ ഇയാള്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് നടന്നിരുന്നത്. ഇയാളുടെ സഹോദരി നീലോഫറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്ക് സഹായം ചെയ്ത അബ്രാര്‍ ഖുറേഷ്, അഹമ്മദ് ഖാന്‍, അനുജ് ഗിരി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.