ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നാട്ടുകാരൻ കൊല്ലപ്പെട്ടു. ആസിഫ് അഹ്മദ്(25) ആണ് മരിച്ചത്.
ഹാൽ മേഖലയിലെ ചെക്പോസ്റ്റിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് അഹ്മദ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തിനാണ് അപകടം സംഭവിച്ചത്.
വെടിയേറ്റ അഹ്മദിനെ അടുത്തുള്ള സൈനികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയിരുന്നു. മഹാരാജ ഹരി സിംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
അപകടം സൃഷ്ടിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്ത് നീക്കിയതായും ഇയാളുടെ തോക്ക് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സംഭവം വിവാദമായതോടെ പ്രസ്താവനകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാഷ്മീർ സന്ദർശനത്തിന്റെ ഭാഗമായുള്ള അമിതമായ സുരക്ഷാസംവിധാനങ്ങളാണ് അപകടത്തിന് കാരണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രസ്താവിച്ചു.
കാഷ്മീരിൽ പോലീസുകാരന്റെ വെടിയേറ്റ് നാട്ടുകാരൻ മരിച്ചു
04:58 PM Oct 05, 2022 | Deepika.com