ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി

10:09 AM Oct 04, 2022 | Deepika.com
ന്യൂഡല്‍ഹി: ആശ്രിതനിയമനം അവകാശമല്ലെന്നും ആനുകൂല്യം മാത്രമെന്നും സുപ്രീംകോടതി. ആശ്രിതനിയമനം ആവശ്യപ്പെട്ടുള്ള മലയാളി യുവതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ഫെര്‍ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) എന്ന കമ്പനിയില്‍ ആശ്രിത നിയമനം വേണമെന്ന യുവതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എംആര്‍ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അച്ഛന്‍ മരിച്ച് 14 വര്‍ഷത്തിനു ശേഷം ആശ്രിതനിയമനം വേണമെന്ന യുവതിയുടെ ആവശ്യമാണ് കോടതി തള്ളിയത്. യുവതി ഇപ്പോള്‍ താമസിക്കുന്നത് അമ്മയോടൊപ്പമല്ലെന്ന കാര്യം കൂടി പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.

ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസരത്തില്‍ നല്‍കുന്ന ആനുകൂലം മാത്രമാണ് ആശ്രിതനിയമനമെന്നു കോടതി വ്യക്തമാക്കി.

ആശ്രിതനിയമനം വേണമെന്ന യുവതിയുടെ ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കമ്പനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.