ഇന്ത്യന്‍ വ്യോമപാതയിലൂടെ പറക്കുന്ന ഇറാനിയന്‍ വിമാനത്തില്‍ ബോംബു ഭീഷണി

01:28 PM Oct 03, 2022 | Deepika.com
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയിലൂടെ ചൈനയിലേക്ക് പറക്കുന്ന ഇറാനിയന്‍ വിമാനത്തില്‍ ബോംബു ഭീഷണി. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തെ പിടികൂടാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പുറപ്പെട്ടതായാണ് വിവരം.

ചൈനയിലേയ്ക്കുള്ള യാത്രാവിമാനത്തിലാണ് ബോംബു ഭീഷണി. ഈ വിമാനം ഇപ്പോഴും ചൈനയെ ലക്ഷ്യമാക്കി പറക്കുകയാണെന്നാണ് സൂചന.

ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡല്‍ഹിയില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. പഞ്ചാബ്, ജോധ്പൂര്‍ എയര്‍ബേസുകളില്‍നിന്നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അയച്ചത്.

ബോംബിന്‍റെ സ്വഭാവം സംബന്ധിച്ചോ, ഇത് ഘടിപ്പിച്ചിരിക്കുന്ന വിമാനം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.