വൃ​ത്തി​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന​വ​ച്ച ന​ഗ​രം; ശു​ചി​ത്വ പു​ര​സ്കാ​രം വീ​ണ്ടും ഇ​ൻ​ഡോ​റി​ന്

07:25 PM Oct 01, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​മെ​ന്ന ഖ്യാ​തി തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി ഇ​ൻ​ഡോ​ർ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക ശു​ചി​ത്വ സ​ർ​വേ​യി​ൽ മ​ധ്യ​പ്ര​ദേ​ശ് ന​ഗ​രം ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ സൂ​റ​റ്റും ന​വി മും​ബൈ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

വി​ജ​യ​വാ​ഡ​യെ പി​ന്ത​ള്ളി​യാ​ണ് ന​വി മും​ബൈ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് ഒ​ന്നാം സ്ഥാ​ന​വും ഛത്തീ​സ്ഗ​ഡും മ​ഹാ​രാ​ഷ്ട്ര​യും ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

100-ൽ ​താ​ഴെ ന​ഗ​ര, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ത്രി​പു​ര​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും വൃ​ത്തി​യു​ള്ള​താ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ഞ്ച​ഗ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ണാ​വാ​ല​യും സ​സ്വാ​ദു​മാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഹ​രി​ദ്വാ​റി​നെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ഗം​ഗാ പ​ട്ട​ണ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു, വാ​രാ​ണ​സി​യും ഋ​ഷി​കേ​ശു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.