തിരുവനന്തപുരം: മദ്യ ലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ മിഥുനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഓടിച്ച ആംബുലൻസ് നിരവധി വാഹനങ്ങളെ ഇടിച്ചു. അതിനുശേഷം നിർത്താതെ പോയ ആംബുലൻസിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബുധനാഴ്ച രാത്രി 11ഓടെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ആംബുലൻസ് എതിരെ വരികയായിരുന്ന അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചത്. നിർത്താതെ പോയ ആംബുലൻസ് ഡ്രൈവറെ പ്രദേശവാസികൾ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപത്തുവച്ച് പിന്തുടർന്ന് പിടികൂടി.
ആംബുലൻസ് ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ വെഞ്ഞാറമൂട് പോലീസെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ അമിത മദ്യലഹരിയിൽ ആയിരുന്നു എന്ന് കണ്ടെത്തി തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വെഞ്ഞാറമൂട്ടിൽ നിന്നും ഒന്നിലധികം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനുശേഷമാണ് ആംബുലൻസ് സമന്വയ നഗറിൽ എത്തിയത്.
മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവർ അപകടമുണ്ടാക്കി; അറസ്റ്റിൽ
07:50 AM Sep 08, 2022 | Deepika.com