ന്യൂഡൽഹി: നവീകരിച്ച സെൻട്രൽ വിസ്ത അവന്യുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നിർവഹിക്കും.
വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന സെൻട്രൽ വിസ്തയിൽ ഗ്രാനൈറ്റ് നടപ്പാതകൾ, കനാലുകൾ, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇതിനു പുറമേ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ പുതിയ വസതി, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയവയും സെൻട്രൽ വിസ്തയുടെ ഭാഗങ്ങളാണ്.
ഇന്ത്യാ ഗേറ്റിൽനിന്ന് ആരംഭിച്ച് രാഷ്ട്രപതിഭവൻ വരെ നീളുന്ന രാജ്പഥിനെ നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം കർമപഥ് എന്ന് പുനർനാമകരണം നടത്തിയിരുന്നു. സെൻട്രൽ വിസ്തയുടെ ഉദ്ഘാടനസമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാഫിക് പോലീസ് തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡൽഹിയിൽ ഗതാഗതം സുഗമമാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. വൈകുന്നേരം ആറ് മുതൽ രാത്രി ഒൻപത് വരെ നിശ്ചിതയിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
സെൻട്രൽ വിസ്ത അവന്യു: ഉദ്ഘാടനം ഇന്ന്
07:37 AM Sep 08, 2022 | Deepika.com