കാസർഗോഡ്: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മനീഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രമോദ് പോലീസ് പിടിയിലായി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ ടൗണിൽ യുവതി ജോലി ചെയ്തിരുന്ന മെഡിക്കൽ ഷോപ്പിൽ എത്തിയാണ് ഭർത്താവ് ആക്രമണം നടത്തിയത്. ഇവരുടെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. പിന്നിലെ വാതിലിലൂടെ യുവതി പുറത്തേയ്ക്ക് ഓടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഭർത്താവിന്റെ ആക്രമണം.
ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
04:12 PM Jul 30, 2022 | Deepika.com