കോല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ വസതിയില്‍ മോഷണം നടന്നതായി ആരോപണം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള വസതിയിലാണ് മോഷണം നടന്നതായി പരാതി ഉയര്‍ന്നത്.
അഴിമതിക്കേസുമായി ബന്ധപെട്ട് ഇവിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്താനിരിക്കെയാണ് മോഷണം. സംഭവത്തിന് പിന്നില്‍ ദുരൂഹയുണ്ടെന്നാണ് ഇഡിയുടെ വാദം. ഇഡി റെയ്ഡ് നടത്തുന്നതിന് മുമ്പ് ആസൂത്രിതമായി നടന്ന മോഷണമാണിതെന്നു സംസ്ഥാനത്തെ പ്രതിപക്ഷമായ സിപിഎമ്മും ആരോപിച്ചു.
ചാറ്റര്‍ജിയുടെ മകളുടെ പേരിലുള്ള വസതിയിലിലാണ് മോഷണം നടന്നതെന്നു പോലീസ് അറിയിച്ചു. അടഞ്ഞുകിടന്ന വീടിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കയറ്റി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയതായി അയല്‍വാസികള്‍ പറഞ്ഞു. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പെള്‍ മോഷ്ടാക്കള്‍ രക്ഷപെട്ടിരുന്നു.
അഴിമതിക്കേസില്‍ അറസ്റ്റിലായതിനെതുടര്‍ന്ന് പാര്‍ഥാ ചാറ്റര്‍ജിയെ വ്യാഴാഴ്ച മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചാറ്റര്‍ജിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ ഫ്ലാറ്റില്‍നിന്ന് ഇഡി വീണ്ടും കോടികള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് മന്ത്രിയെ തള്ളി പാര്‍ട്ടി രംഗത്തെത്തിയത്.
50 കോടി രൂപയും 5 കിലോ സ്വര്‍ണവുമാണ് ഇവരുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്നായി ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണവും പണവും മന്ത്രിയുടേതാണെന്നു അര്‍പ്പിത സമ്മതിച്ചിരുന്നു.
പാര്‍ഥാ ചാറ്റര്‍ജിയുടെ വസതിയില്‍ മോഷണം നടന്നതായി ആരോപണം
10:13 AM Jul 29, 2022 | Deepika.com