മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലയ്ക്കു പിന്നില്‍ കേരള ബന്ധമുണ്ടെന്നു തന്നെയാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കേസ് അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കേരള പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരെ ഉടന്‍തന്നെ പിടികൂടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സുള്ള്യയില്‍ പ്രവീണിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി മംഗളൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഏതു പാര്‍ട്ടിയില്‍പ്പെട്ടവരായാലും സാധാരണക്കാരുടെ ജീവന് സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനായി കടുത്ത നടപടികള്‍ വേണ്ടിവന്നാല്‍ അതും സ്വീകരിക്കുമെന്നും നേരത്തേ ബംഗളൂരുവില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
യുപി മാതൃകയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തണമെന്ന ആവശ്യം ചില ഹിന്ദുസംഘടനകള്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട്, യുപിയിലേതുപോലെ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം കര്ണാടകയിലുണ്ടായാല് സര്‍ക്കാരും അതുപോലെയാകുമെന്ന് ബൊമ്മെ പറഞ്ഞു.
യുപി മോഡൽ കർണാടകയിലും കൊണ്ടുവരും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
10:56 PM Jul 28, 2022 | Deepika.com