ക്ലാസ് മുറിയിൽ വിദ്യാർഥിയെക്കൊണ്ട് കൈ മസാജ്; അധ്യാപികയ്ക്ക് സസ്പെൻഷൻ- വീഡിയോ

03:57 PM Jul 28, 2022 | Deepika.com
ലക്നോ: ക്ലാസ് മുറിയിൽ വിദ്യാർഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ പോഖാരി പ്രൈമറി സ്കൂളിലാണ് സംഭവമുണ്ടായത്. അധ്യാപിക കസേരയിൽ വിശ്രമിക്കുമ്പോൾ ഒരു വിദ്യാർഥി അരികിൽനിന്ന് കൈ മസാജ് ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായത്.

പോഖാരി പ്രൈമറി സ്കൂളിലെ സഹഅധ്യാപിക ഊർമിള സിംഗാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. മസാജ് നടക്കുമ്പോൾ ഊർമിള ക്ലാസിലെ മറ്റ് കുട്ടികളോട് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്‍റെ വീഡിയോ രഹസ്യമായി ആരോ പകർത്തിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) വി.പി. സിംഗാണ് അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടി.

ഇതിനിടെ, ഉത്തർപ്രദേശിൽ വെള്ളക്കെട്ട് കാരണം പുലിവാല്‍ പിടിച്ചിരിക്കുയാണ് മറ്റൊരു അധ്യാപിക. സ്കൂൾ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കുറേ പ്ലാസ്റ്റിക് കസേരകള്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിരത്തിച്ച് അധ്യാപിക കസേരയുടെ മുകളിലൂടെ നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലായത്.

കുറച്ച് വിദ്യാര്‍ഥികള്‍ കസേരകള്‍ വീഴാതെ പിടിച്ചു കൊടുക്കുന്നുണ്ട്. മറ്റു ചിലര്‍ പുതിയ കസേരകള്‍ വച്ചു നല്‍കുന്നുണ്ട്. അധ്യാപിക വെള്ളക്കെട്ട് കടന്ന് താഴെയിറങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഈ അധ്യാപികയ്ക്കും സസ്പെന്‍ഷൻ ലഭിച്ചു.