ന്യൂഡൽഹി: തന്റെ രാഷ്ട്രപത്നി പ്രസ്താവന വിവാദമായതോടെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇതിനായി ദ്രൗപദി മുർമുവിനെ നേരിൽ കാണാൻ അധിർ ചൗധരി സമയം തേടി.
രാഷ്ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ചൗധരി പറഞ്ഞു. രാഷ്ട്രപത്നി പ്രയോഗം ഒരു തെറ്റ് മാത്രമായിരുന്നു. രാഷ്ട്രപതിക്ക് വിഷമം തോന്നിയാൽ അവരെ നേരിട്ട് കണ്ട് മാപ്പ് പറയും. അവർക്ക് വേണമെങ്കിൽ തന്നെ തൂക്കിലേറ്റാമെന്നും അദ്ദേഹം പറഞ്ഞു.
താൻ ശിക്ഷിക്കപ്പെടാൻ തയാറാണ്. എന്നാൽ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും അധിർ രഞ്ജൻ ചൗധരി ചോദിച്ചു.
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ഭരണകക്ഷിയായ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
രാഷ്ട്രപതിയെ നേരിൽ കാണാനൊരുങ്ങി അധിർ രഞ്ജൻ ചൗധരി
02:59 PM Jul 28, 2022 | Deepika.com