"മിണ്ടിപ്പോകരുതെന്ന് പറഞ്ഞു': സോണിയയ്ക്കെതിരേ നിർമല സീതാരാമൻ

03:55 PM Jul 28, 2022 | Deepika.com
ന്യൂഡൽഹി: അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്‍റിൽ ബഹളത്തിനിടെ സോണിയ തന്നോട് തട്ടിക്കയറിയെന്നും മിണ്ടിപ്പോകരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും നിർമല ആരോപിച്ചു.

ചൗധരിയുടെ പരാമർശം നാക്ക് വഴുതിപ്പോയതല്ല. രാഷ്ട്രപതിക്കെതിരായ ബോധപൂർവമായ ലൈംഗികാധിക്ഷേപമായിരുന്നു ഇത്. ചൗധരിയുടെ പരാമർശത്തിൽ സോണിയ രാഷ്ട്രപതിയോട് മാപ്പുപറയണമെന്നും രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

അതേസമയം, അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു. അധിർ രഞ്ജൻ ചൗധരി മാപ്പ് പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.

അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. അതേസമയം വിഷയത്തിൽ സോണിയ ഗാന്ധിയും അധിർ രഞ്ജൻ ചൗധരിയും മാപ്പ് പറ‍യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഭരണകക്ഷിയായ ബിജെപി ഇതിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ ഗോത്രവർഗ പ്രസിഡന്‍റിനെ അപമാനിച്ചതിന് സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു.