വീ​ണ്ടും ഡി​വൈ​എ​ഫ്ഐ​യി​ൽ ഫ​ണ്ട് ത​ട്ടി​പ്പ്; അ​ന്ത​രി​ച്ച നേ​താ​വി​ന്‍റെ പേ​രി​ൽ മു​ക്കി​യ​ത് ലക്ഷങ്ങൾ

01:20 PM Jul 28, 2022 | Deepika.com
തിരുവനന്തപുരം: പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും ഫണ്ട് തിരിമറി വിവാദം. അന്തരിച്ച നേതാവ് പി. ബിജുവിന്‍റെ പേരിൽ ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് കമ്മിറ്റി പിരിച്ച ഫണ്ടിലാണ് തിരിമറി ആരോപണം ഉയർന്നത്. .

കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി മേഖലാ കമ്മിറ്റികള്‍ സിപിഎം-ഡിവൈഎഫ്ഐ നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. ഷാഹിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

പി. ബിജുവിന്‍റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്.

ഒരു വർഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. എന്നാൽ മേൽ കമ്മറ്റിക്ക് ആദ്യം കൈമാറിയത് ആറു ലക്ഷം രൂപ മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം.

5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു.