ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അധിർ രഞ്ജൻ ചൗധരി മാപ്പ് പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.
അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് സോണിയ ഗാന്ധിയുടെ പ്രതികരണം. അതേസമയം വിഷയത്തിൽ സോണിയ ഗാന്ധിയും അധിർ രഞ്ജൻ ചൗധരിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ഇരുസഭകളിലും ഭരണകക്ഷിയായ ബിജെപി ഇതിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ ഗോത്രവർഗ പ്രസിഡന്റിനെ അപമാനിച്ചതിന് സോണിയാ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു.
ആദ്യ വനിത ഗോത്രവർഗ പ്രസിഡന്റിനെ രാജ്യം മുഴുവൻ ആഘോഷിക്കുന്ന സമയത്ത് കോൺഗ്രസിന്റെ ബോധപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നു ഇതെന്ന് രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവന നാക്കുപിഴയാണെന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ വിശദീകരണം.
രാഷ്ട്രപത്നി പ്രസ്താവന: പ്രതികരിച്ച് സോണിയ ഗാന്ധി
01:49 PM Jul 28, 2022 | Deepika.com