ന്യൂഡൽഹി: വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ കോണ്ഗ്രസ് രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിൽ സംഘർഷം. എംപിമാർ ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ നിന്ന് പ്രതിഷേധവുമായി പുറത്തിറങ്ങിയ കോണ്ഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഈ മാർച്ച് വിജയ് ചൗക്കിൽ തടഞ്ഞ പോലീസ്, വനിതകൾ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കെ.സി. വേണുഗോപാൽ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കാസ്, ഡി.കെ സുരേഷ് കുമാർ, ഗൗരവ് ഗോഗോയി എന്നിവരെ അർധ സൈനിക വിഭാഗം വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണ അറിയിച്ച് എഐസിസി ആസ്ഥാനത്തിന് മുന്പിൽ കോണ്ഗ്രസ് നടത്തിയ പ്രകടനത്തിലും സംഘർഷാവസ്ഥ ഉണ്ടായി. നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം: കോണ്ഗ്രസ് നേതാക്കൾ അറസ്റ്റിൽ
02:34 PM Jul 27, 2022 | Deepika.com