ന്യൂഡൽഹി: ചരക്കു സേവന നികുതി വർധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. തുടർന്നു രാജ്യസഭയും ലോക്സഭയും 12 വരെ നിർത്തിവച്ചിരുന്നു.
വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഇതിന് അനുമതി നിഷേധിച്ചതോടെ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെയാണ് ലോക്സഭ നിർത്തിവച്ചത്.
ചൊവ്വാഴ്ച 19 രാജ്യസഭ എംപിമാരെ സസ്പെൻഡ് ചെയ്ത വിഷയവും പ്രതിപക്ഷം രാജ്യസഭയിൽ ഉന്നയിച്ചു. തുടർന്നു പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും നിർത്തിവച്ചു.
പ്രതിഷേധം സഭയ്ക്കു പുറത്തേയ്ക്കും പ്രതിപക്ഷം കൊണ്ടുവന്നു. സസ്പെൻഷനിലായ എംപിമാരുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. തൃണമൂൽ കോണ്ഗ്രസ് എംപിമാർ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രത്യേകം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
12:49 PM Jul 27, 2022 | Deepika.com