മേലുകാവില്‍ തീപിടിത്തം: പോസ്റ്റ് ഓഫീസും കടകളും കത്തിനശിച്ചു

10:58 AM Jul 27, 2022 | Deepika.com
കോട്ടയം: മേലുകാവില്‍ കടകള്‍ക്ക് തീപിടിച്ചു. കോണിപാട് ജംഗ്ഷനിലുള്ള റേഷന്‍കട, പലചരക്ക് കട പോസ്റ്റ് ഓഫീസ് എന്നിവ കത്തി നശിച്ചു.

ഇന്ന് പുലര്‍ച്ച അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. രാവിലെ പാലുകൊടുക്കാന്‍ പോയ ആളുകളാണ് കെട്ടിടങ്ങള്‍ കത്തി നശിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.

പാലാ, ഇരാറ്റുപേട്ട യൂണിറ്റുകളില്‍നിന്ന് അഗ്നിശമനസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അഗ്നിശമനസേന എത്തുന്നതിന് മുമ്പ് കടകളും പോസ്റ്റ് ഓഫീസും കത്തി നശിച്ചു. കടയിലെ മുഴുവന്‍ സാധനങ്ങളും, പോസ്റ്റ് ഓഫീസിലെ വിലപ്പെട്ട രേഖകളും കത്തി ചാമ്പലായി.

പൂര്‍ണമായും മരം കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങളായതിനാലാണ് തീ ആളിപടര്‍ന്നതെന്നാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.