ക്രിക്കറ്റ് ലോകത്തെ നിലവിലെ പ്രധാന സംസാര വിഷയം ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചാണ്. സച്ചിനും വസീം അക്രവും അടക്കമുള്ള പല മുന്‍ താരങ്ങളും ഏകദിനത്തെ ആവേശകരമാക്കാനുള്ള നിര്‍ദേശം പറഞ്ഞിരുന്നു.
ഇപ്പോള്‍ പാക്കിസ്ഥാന് സൂപ്പര്‍ താരം ഷഹീദ് അഫ്രീദിയും ഇത്തരത്തില്‍ ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഏകദിന ക്രിക്കറ്റ് 50 ഓവറില്‍ നിന്ന് 40 ഓവറാക്കി ചുരുക്കണമെന്നും തികച്ചും വിരസമായിരിക്കുന്ന ഏകദിനത്തെ അത് കൂടുതല്‍ രസകരമാക്കുമെന്നും അഫ്രീദി പറഞ്ഞു.
പാക് താരത്തിന്റെ അഭിപ്രായം നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞു.
ഓവര്‍ കുറയ്ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. ഏകദിന ക്രിക്കറ്റ് തുടങ്ങുമ്പോള്‍ 60 ഓവറായിരുന്നു. അത് ദൈര്‍ഘ്യം ഏറിയതാണെന്ന് കണ്ടത്തോടെ 60ല്‍ നിന്ന് 50 ആക്കി കുറച്ചു. ആ തീരുമാനത്തിന് ശേഷം വര്‍ഷങ്ങള്‍ കടന്നു പോയി. എന്തുകൊണ്ട് ഇപ്പോള്‍ 50ല്‍ നിന്ന് 40 ആക്കി കുറയ്ക്കുന്നില്ല. ക്രിക്കറ്റ് മുന്നോട്ട് ചിന്തിക്കുകയും പരിണമിക്കുകയും വേണമെന്നും ശാസ്ത്രി പറഞ്ഞു.
50 വേണ്ട 40 ഓവര്‍ മതി; അഫ്രീദിയുടെ നിര്‍ദേശത്തെ പിന്തുണച്ചു ശാസ്ത്രി
01:49 PM Jul 26, 2022 | Deepika.com